Tuesday, December 7, 2010

ബലി

മുതുകില്‍
മൂന്നു വരകളുള്ളവന്‍
ദൈവങ്ങളോട്
ഇരക്കേണ്ടതില്ലാത്തവന്‍
കോടമഞ്ഞിന്‍റെ കയത്തില്‍ മുങ്ങിപ്പോയ
കാനനങ്ങളുടെ വീണ്ടെടുപ്പുകാരന്‍
രാവുകളെ ;
പകലുകളെയും
സ്വരവൈഖരികള്‍ ചൊല്ലിപ്പഠിപ്പിച്ച
                                           ഗന്ധര്‍വന്‍
വിശുദ്ധ ഗിരിയിലെ ദൈവങ്ങളെ ,
നിങ്ങളുടെ കൌതുകത്തിന്‍റെ
                       നഖമുനകള്‍ക്ക്
ഇന്നെന്‍റെ ബലി ഇവനാണ്
മുതുകില്‍
മൂന്നു
മുറിവുകളുള്ളവന്‍

Sunday, November 28, 2010

എന്നെ ഞാന്‍ പറയുമ്പോള്‍

നടന്നു ഞാന്‍ തീര്‍ത്ത കഠിനപാതകള്‍
മാതൃഗര്‍ഭത്തില്‍നിന്നു ഗാഗുല്‍ത്തായിലേക്ക്
എന്‍റെ കുരിശില്‍ നിന്ന്
വ്യാകുലമാതാവിന്‍റെ മടിയിലേക്ക്
ശേഷം നടന്നതൊന്നും ഞാനല്ല
യാത്ര പുരുഷലക്ഷണമാണ്
യാതന അതിലുള്‍ചേര്‍ന്നിരിക്കുന്നു
രാവിന്‍റെ ഗര്‍ഭത്തിലാണ്
പകലുരുവാകുന്നതെന്നു
പറയപ്പെടുന്നതു പോലെ

Friday, November 26, 2010

നുണ

ഞാന്‍ ഒരു പുല്‍നാമ്പിനെപ്പോലും
    ചവിട്ടി നോവിക്കാത്തവന്‍
ഒരു നെല്‍ക്കതിര്‍പോലും
    കട്ടുകൊത്താക്കിളി
മഴ നനയാതുണ്ണി, പനിവരു -
    മെന്നമതന്‍
മൊഴിയോര്‍ത്തു വെയ്ക്കാന്‍ മറന്നവന്‍

ഒരു കൂടിനുമുടമയല്ലാത്തവന്‍

മനസിന്‍റെ പാതിയെ അറിയാതെ
    കൈവിട്ട
വഴിയോരമേതെന്നറിയാതെ
    പോയവന്‍

ഒരു കൂട്ടിനും അടിമയല്ലാത്തവന്‍

എങ്കിലുമെനിക്കിന്നെന്‍റെ നോവിനെ
ഒരു നുണയുടെ മാറില്‍നിന്നും പറിച്ചെടുക്കണം

തെളിയാന്‍ തുടങ്ങുമൊരു
    വിഭാതത്തെയെന്നപോള്‍
അതിനെ മാത്രം കണ്ടുകണ്ടിരിക്കുവാന്‍
ഇനിയെനിക്കെന്‍റെ മിഴികളടയ്ക്കണം
ഉണരാതുറങ്ങണം